അതാ കേൾക്കുന്നു ഞാൻ
ഗതസമന തോട്ടത്തിലെ
പാപിയെനിക്കായ് നൊന്തലറിടുന്ന
പ്രിയന്റെ ശബ്ദമതേ!
ദേഹമെല്ലാം തകർന്നു
ശോകം നിറഞ്ഞവനായ്
ദേവാധിദേവാ! നിൻസുതൻ
എനിക്കായ് പാടുകൾ പെട്ടിടുന്നേ
അപ്പാ ഈ പാനപാത്രം
നീക്കുക സാദ്ധ്യമെങ്കിൽ
എന്നിഷ്ടമല്ല നിന്നിഷ്ടമാകട്ടെ
എന്നവൻ തീർത്തുരച്ചു
പ്രാണവേദനയിലായ്
പാരം വിയർത്തവനായ്
എൻപ്രാണനായകൻ ഉള്ളം തകർന്നിതാ
യാചന ചെയ്തിടന്നേ
ദുസ്സഹ വേദനയാൽ
മന്നവനേശു താനും
മൂന്നുരു ഊഴിയിൽ വീണു പ്രാർത്ഥിച്ചല്ലോ
പാപി എൻരക്ഷയ്ക്കായി
സ്നേഹത്തിൻ ഇമ്പവാക്കാൽ
ആശ്വാസമേകുമവൻ
കഷ്ടസമയത്തിൽ ആശ്വാസം കാണാതെ
വിങ്ങി വിലപിക്കുന്നേ
എന്നെയും തന്നെപ്പോലെ
മാറ്റും ഈ മാ സ്നേഹത്തെ
എണ്ണിയെണ്ണി ഞാൻ ഉള്ളം നിറഞ്ഞല്ലാ
നാളും പുകഴ്ത്തിടുമേ.