കാക്കും സതതവും പരമനെന്നെ തൻ

കാക്കും സതതവും പരമനെന്നെ തൻ

തിരുചിറകുള്ളിലൻപായ്കാക്കും സതതവും പരമനെന്നെ

ശത്രുവിൽ നിന്നുമാത്മ മൃത്യുവിൽ നിന്നും നീക്കി

സത്യമായ് പാലിച്ചു തൻനിത്യപദത്തിലെന്നെ

 

ഘോരവൈരിയിൻ പാശമാകെയറുത്തു മമ

ജീവനെവിടുവിച്ച പ്രാണനാഥന്റെ തിരു

മേനിയോടണഞ്ഞെല്ലാകാലവും വസിപ്പതി

ന്നായെന്നടിമ നുകമാകെയകറ്റിയെന്നെ

 

ശത്രു പാഞ്ഞടുക്കുമ്പോൾ മിത്രമായ് നിന്നുകൊണ്ട്

ശത്രുവിനെ ജയിപ്പാൻ വിദ്രുത വരം നൽകി

കഷ്ടത പെരുകുമ്പോൾ ദൃഷ്ടിയിനാൽ നടത്തി

ശിഷ്ടരോടണച്ചു സന്തുഷ്ടിപ്പെടുത്തിയെന്നെ

 

സത്യമാമരക്കെട്ടും നീതിയാം കവചവും

വിശ്വാസപ്പരിചയും രക്ഷയിൻ ശിരസ്ത്രവും

പാദരക്ഷയായ് സുവിശേഷയത്നവുംപര

മാത്മാവിൻ വചനമാം വാളും ധരിപ്പിച്ചെന്നെ

 

സ്നേഹം സന്തോഷം സമാധാനം വിശുദ്ധി നീതി

ദീർഘക്ഷമ വിനയമിന്ദ്രിയജയം തൃപ്തി

ആദിയാം ആത്മാവിൻ ഫലങ്ങൾ നിറച്ചും അനു

വാസരം ഹൃദിയിങ്കൽ മോദവുമേകിയെന്നെ

 

ക്ഷാമം പെരുകിയെന്നിൽ ക്ഷേമം ഇല്ലാതെയാകിൽ

ആമോദത്തോടു സാരെഫാത്തിൽ കടത്തുമവൻ

ദേശം വരണ്ടു നീരശേഷം വറ്റിപ്പോകുമ്പോൾ

ക്ലേശമകറ്റി കെരീതിങ്കലിരുത്തിയെന്നെ

 

അത്തിവൃക്ഷത്തിൻ ഫലമൊട്ടുമില്ലാതെയായി

മുന്തിരിവള്ളിയുടെ യത്നവും നിഷ്ഫലമായ്

ഗോശാല ശൂന്യമായി പോകുന്ന സമയത്തും

ആശയോടെന്നും തിരുനാമം പുകഴ്ത്തിടുവെൻ

 

ഇത്രമാത്രവുമല്ല നിൻകൃപയൊന്നിനാൽ ഞാൻ

പത്രങ്ങൾ തളിർത്തുള്ളോരുത്തമ വൃക്ഷംപോലെ

പുഷ്ടിയായ് കഷ്ടത്തിലും നഷ്ടത്തിലുമൊരുപോൽ

ഇഷ്ടലോകത്തെ നോക്കി ശ്രേഷ്ഠ തേജസ്സിൽ വാഴാൻ.

Your encouragement is valuable to us

Your stories help make websites like this possible.