തുംഗപ്രതാപമാർന്ന ശ്രീയേശുനായകനേ !
ഞങ്ങൾക്കു നന്മ ചെയ്ത കാരുണ്യ വാരിധിയേ!
വണങ്ങിടുന്നടിയാർ തവ പദങ്ങളാശ്രയമേ
നിർമ്മലമായ രക്തം ശർമ്മദാ! നീ ചൊരിഞ്ഞു
കന്മഷം പോക്കി ദുഷ്ടകർമ്മഫലത്തിൽ നിന്നു
വിടുതൽ ചെയ്തതിനാൽ ഞങ്ങളടിവണങ്ങിടുന്നേ!
ഗത്തസമേനയെന്ന തോട്ടത്തിലെത്തി ഭവാൻ
രക്തം വിയർത്തധിക ദുഃഖമനുഭവിച്ച
ചരിതമോർത്തിടുമ്പോൾ മനമുരുകിടുന്നു പരാ!
ഹന്നാസു കയ്യാഫാവും ഹേരോദുമന്നു നിന്നെ
നിന്ദിച്ചു പീഡ ചെയ്തതെല്ലാം സഹിച്ചുവല്ലോ
മറുത്തതില്ല തെല്ലും റോമ ഗവർണ്ണർ മുമ്പിലും നീ
പേശിപ്പുലമ്പി ദുഷ്ടർ ക്രൂശിച്ചിടും പൊഴുതും
വാശിക്കധീനമായിത്തീർന്നില്ല നിൻഹൃദയം
വിമലകാന്തി ചേർന്നു മുഖം വിളങ്ങി ശാന്തിയാർന്നു
നിൻ സൗമ്യമാം സ്വഭാവം നന്നായ് പഠിച്ചടിയാർ
വൻ പ്രാതികൂല്യമദ്ധ്യേ മുമ്പോട്ടു യാത്ര ചെയ്‌വാൻ
തിരുമുഖ പ്രകാശം ഞങ്ങൾക്കരുൾക നീ സതതം
ലോകൈക സദ്ഗുരുവേ! സ്വർജീവനക്കരുവേ!
ദാസർക്കഭീഷ്ടമേകും മന്ദാരമാം തരുവേ!
തിരുവടി നിയതം ഞങ്ങൾക്കരുളണമഭയം
തത്വവിത്താം മുനിയേ! ദുഷ്ടലോകശനിയേ!
സത്യവേദധ്വനിയേ! ജീവാഗമക്കനിയേ!
കരുണയിൻ ധുനിയേ! ഞങ്ങൾ വരുന്നിതാ തനിയേ