തിരുവദനം ശോഭിപ്പിച്ചെൻ

തിരുവദനം ശോഭിപ്പിച്ചെൻ ഇരുളകലെ പോക്കിടുവാൻ

കരുണാവാരിധേ! ദൈവമേ നമിച്ചിടുന്നേ

നിരുകരവും കൂപ്പിത്തൊഴുന്നേൻ

 

പരിമളതൈലത്താൽ നിന്റെ ശിരമഭിഷേകം ചെയ്തൊരു

മരിയയിലത്യന്തം കാരുണ്യം ചൊരിഞ്ഞ നാഥാ!

വരമരുളിടേണമിവന്നു

 

അരിവരരിൻ സൈന്യം കണ്ടു

പരവശനായ്ത്തീരാതെ ഞാൻ

ഇരുപുറവും നിന്നെക്കാണുവാൻ ഹൃദയകൺകൾ

ഉരുകൃപയാൽ തുറക്കേണമേ

 

പരമഗുരോ! നിൻ നാമത്തെക്കരുതിയെനിക്കുണ്ടാകുന്ന

കരുമനകൾ നിത്യം സഹിപ്പാനരുൾക ദേവാ!

കുരിശിൽ മരിച്ചുള്ളോരീശനേ!

 

ഇരവുകഴിഞ്ഞതിമോഹനമാമരുണനുദിച്ചിടും പൊഴുതും

തരണി മറഞ്ഞിടും നേരവും ഭവൽസ്മരണം

വരണമെനിക്കുള്ളിൽ സ്വൈരമായ്

 

അര നിമിഷം നിന്നെ വിട്ടാലരികിലെനിക്കാരുള്ളയ്യോ!

മരിമകനേ, നിൻ സുഗന്ധമാം ശ്വാസവായുവെൻ

കരളിനുറപ്പേകുന്നെപ്പോഴും

 

മരണദിനത്തോളം നിന്റെ ചരണയുഗം സേവിച്ചാത്മ

ശരണമതായ് നിന്നെ പ്രാപിച്ചു നിന്നിൽ ലയിപ്പാ-

നരുളണമേ ദിവ്യാശിസ്സുകൾ.

Your encouragement is valuable to us

Your stories help make websites like this possible.