പ്രഭാകരനുദിച്ചുതൻ പ്രഭ

പ്രഭാകരനുദിച്ചുതൻ പ്രഭ തിങ്ങി വിളങ്ങുമീ

പ്രഭാതത്തിൽ ദേവേശനെ

സഭയായ് സ്തുതിക്ക നാം

 

ഇരുൾ മാറി വെളിവിതാ ധരണിമേൽ തിളങ്ങുന്നു

മറവിനുള്ളടങ്ങിന പൊരുളുകൾ തെളിയുന്നു

 

അതിതരാം ശ്രമം മൂലം മതി തളർന്നുറങ്ങിന

ക്ഷിതിതല നിവാസികൾ അതിസുഖമുണരുന്നു

 

മരണതുല്യമാം നിദ്രാഭാരമതിന്നധീനമാ

യിരുന്നൊരു ജഗദാകെ പുതുജീവൻ ധരിക്കുന്നു

 

വരിക നാമൊരുമിച്ചു പരന്നടിപണിഞ്ഞിടാം

തിരുഹിതമല്ലോ ഭൂവിൽ പരിവർത്തിച്ചിടുന്നതു

 

തിരുപ്പദമകാലത്തിൽ തിരക്കുകിലലഭ്യമാം

മരിക്കിലുമിരിക്കിലും നമുക്കതു ശരണ്യമേ

 

തിരുസ്വരമെഴുതിന കുറിപ്പുകൾ പഠിക്ക നാം

തിരുവചസ്സറിവില്ലാത്തരങ്ങളെ തുരത്തുന്നു

 

ദുരിതത്തിൻ ഫലമായ മരണത്തെ തുലയ്ക്കുന്നു

കരയുന്ന ജനങ്ങൾക്കു പുരുമോദമരുളുന്നു.

Your encouragement is valuable to us

Your stories help make websites like this possible.