മനമേ പക്ഷിഗണങ്ങ-
ളുണർന്നിതാ പാടുന്നു ഗീതങ്ങൾ
മനമേ നീയുമുണർന്നിട്ടേശു
പരനെ പാടി സ്തുതിക്ക
മനമേ നിന്നെ പരമോന്നതൻ
പരിപാലിക്കുന്നതിനെ
നിനച്ചാൽ നിനക്കുഷസ്സിൽ
കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ?
മൃഗജാലങ്ങളുണർന്നിടുന്ന
സമയത്തു നീ കിടന്നു
മൃഗത്തെക്കാളും നിർവിചാരിയാ-
യുറങ്ങാതെന്റെ മനമേ
മരത്തിൻ കൊമ്പിലിരിക്കും പക്ഷി-
യുരയ്ക്കും ശബ്ദമതുകേ-
ട്ടുറക്കം തെളിഞ്ഞുടനെ നിന്റെ
പരനെ പാടി സ്തുതിക്ക
പരനേശു താനതിരാവിലെ
തനിയെയൊരു വനത്തിൽ
പരിചോടുണർന്നെഴുന്നു പ്രാർത്ഥി-
ച്ചതു നീ ചിന്തിച്ചിടുക
ഒരുവാസരമുഷസ്സായപ്പോൾ
പീലാത്തോസിന്റെ അരികേ
പരനേശുവൊരജംപോൽ നിന്ന
നില നീ ചിന്തിച്ചിടുക
പരനെ തള്ളപ്പറഞ്ഞ പത്രോ-
സതിരാവിലെ സമയേ
പെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങി
പ്പൊട്ടിക്കരഞ്ഞു
മറിയമതിരാവിലേശുവെ
കാണാഞ്ഞിട്ടുള്ളം തകർന്നു
കരയുന്നതെന്തതുല്യസ്നേഹം
മനമേ നിനക്കതുണ്ടോ?