പാപക്കടം തീര്‍ക്കുവാന്‍ യേശുവിന് രക്തം മാത്രം
ഏകദേശം 35 വയസുള്ള നാഗല്‍ സായ്പ് എന്ന മിഷനറി ഒരിക്കല്‍ വഴിയില്‍ വെച്ചു ഒരു യുവാവിനെ കണ്ടുമുട്ടി. ആത്മപ്രേരണയാല് അദേഹത്തോട് സുവിശേഷം പറഞ്ഞു. ആ യുവാവ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വ്യക്തിയാണെന്നും, ഇപ്പോള്‍ പരോളില്‍ ഇറങ്ങിയതാണെന്നും, അടുത്തദിവസം താന്‍ വീണ്ടും ജയിലിലേക്ക് മടങ്ങും എന്നും പറഞ്ഞു.
സ്നേഹനാഥനും, പാപത്തിന് പരിഹാരം വരുത്തിയവനുമായ യേശു നാഥനെക്കുറിചുള്ള ദൂത് മിഷനറി സൌമ്യമായി ആ യുവാവിനെ അറിയിച്ചു. യുവാവ് സ്വയം യേശുവിനായി സമര്‍പ്പിച്ചു, പാപം ഏറ്റുപറഞ്ഞു രക്ഷിക്കപ്പെട്ടു. വീണ്ടും ജയിലിലേക്ക് പോയ യുവാവ് വധശിക്ഷയുടെ ചില ദിവസം മുന്‍പ് രണ്ടുദിവസത്തെ പരോളില്‍ മിഷനറിയുടെ അടുക്കല്‍ വന്നു വിശ്വാസസ്നാനം സ്വീകരിച്ചു, വീണ്ടും ജയിലിലേക്ക് പോയി.
പിറ്റേദിവസം രാവിലെ ജയിലിലേക്ക് ചെന്ന് മിഷനറി ആ സഹോദരനെ സന്തോഷവാനായി കണ്ടു. ഇരുവരും അല്പസമയം ചിലവിട്ടു. ആ സമയം പരിശുദ്ധാത്മാവ നിറവില്‍ മിഷനറി ഈ വരികള്‍ പാടി, “പാപക്കടം തീര്‍ക്കുവാന്‍ യേശുവിന് രക്തം മാത്രം”…
റോബര്‍ട് ലോറി 1876-ല്‍ എഴുതിയ “what can wash away my stain” എന്ന പ്രസിദ്ധമായ അനുഭവഗാനത്തിന്റെ മലയാള പരിഭാഷയാണ് നാഗല്‍ സായിപ്പ് പാടിയത്.
തൂക്കുമരത്തിന്റെ ചുവട്ടില്‍ തൂക്കുകയര്‍ മുന്പില് കണ്ടിട്ടും, നിരാശയോ ഭയമോ ഇല്ലാതെ ആ യുവാവ് നിന്നു .വടക്കന്‍ പറവൂര്‍ ജയില്‍ പരിസരം ദേശവാസികളാല് നിറയപ്പെട്ടിരിക്കുന്നു. ചിരിച്ച് പാപക്കടം യേശുവിന് രക്തത്താല്‍ തീര്‍ന്നുപോയി എന്നു പാടികൊണ്ട് തൂക്കുകയറില്‍ ആ യുവാവിന്റെ ലോകവാസം അവസാനിപ്പിച്ചു. എന്നാല്‍ നിത്യതയുടെ തീരത്ത് തന്നെ കാണും എന്ന ഉറപ്പോടെ, പ്രത്യാശയോടെ നാഗല്‍ സായിപ്പ് തിരിച്ചുപോന്നു.