തിരുകൃപതന്നു നടത്തണമെന്നെ
തിരുഹിതം പോലെയെൻ നാഥാ!
ബഹുവിധമെതിരുകൾ വളരുമീനാളിൽ
ബലഹീനനാം ഞാൻ തളർന്നുപോകാതെ
ബലമെഴും കരത്താൽ താങ്ങണമെന്നെ
ബഹുലമാം കൃപയാൽ നടത്തണം നാഥാ!
മരുതലമേകും ദുരിതങ്ങളഖിലവും
മകുടങ്ങളാണെന്നെണ്ണി ഞാൻ വസിപ്പാൻ
തിരുകൃപയെന്നിൽ പകരണമനിശം
തിരുമൊഴി കേട്ടു ഞാൻ വളരുവാൻ നാഥാ!
പഴയ മനുഷ്യനെ ഉരിഞ്ഞു ഞാൻ കളഞ്ഞ്
പുതിയ മനുഷ്യനെ ഉള്ളിൽ ഞാനണിഞ്ഞെ
ഉയിരുള്ളനാൾ വരെയും ഉലകിൽ നിൻ വഴിയിൽ
ഉണ്മയായ് നടപ്പാൻ ബലം തരൂ നാഥാ!
നിൻനാമം എന്നിൽ മഹിമപ്പെടേണം
നിൻസ്നേഹമെന്നിൽ നിറഞ്ഞു വരേണം
നീയെന്നിൽ വളർന്നും ഞാനെന്നിൽ കുറഞ്ഞും
നിന്നിൽ ഞാൻ മറഞ്ഞു മായണം നാഥാ!