സ്തുതി ധനം മഹിമ സകലവും നിനക്കേ
സ്തുതികളിൽ വസിക്കും പരിശുദ്ധപരനേ
സുരപുരിയിൽ നിൻ ജനകൻ തന്നരികിൽ
പരിചൊടുല്ലസിച്ചു വസിച്ചിരുന്നവൻ നീ
നരകുല വിനകൾ പരിഹരിച്ചിടുവാൻ
ധരണിയിൽ നരനായ് അവതരിച്ചവൻ നീ
ഉലകിതിലിതുപോൽ മലിനത ലേശം
കലരാതൊരുവനെ കാൺമതില്ലനിശം
അതിഗുണമിയലും രമണീയനാം നിൻ
പദതളിരിണകൾ വണങ്ങി ഞാൻ സ്തുതിക്കും
അടിമുടി മുഴുവൻ മുറിവുകളേറ്റു
കഠിനമാം വ്യഥയാൽ തകർന്നു നിൻ ഹൃദയം
നിണമെല്ലാം ചൊരിഞ്ഞെൻ കലുഷതയകറ്റി
നിതമിതു മനസ്സിൽ നിനച്ചു ഞാൻ സ്തുതിക്കും
ഗിരിമുകളിൽ വൻ കുരിശിൽ വച്ചുറക്കെ
കരഞ്ഞു നിന്നുയിർ നീ വെടിഞ്ഞുവെന്നാലും
മരണത്തെ ജയിച്ചു, ഉയിർത്തെഴുന്നേറ്റു
പരമതിൽ വാഴും പരമരക്ഷകൻ നീ
പരമതിലുമീ ധരയിതിലും നിൻ
പരിശുദ്ധനാമം പരമപ്രധാനം
അഖിലരും വണങ്ങും തവ തിരുമുമ്പിൽ
അടിപണിയുന്നു വിനയമോടടിയൻ.