കരുതിടും കരുതിടും കരുതിടും നാഥൻ
കരതലത്തിൽ ചേർത്തണച്ചു കാത്തിടും നാഥൻ
കഷ്ടനാളിൽ കൈവിടാതെ തന്റെ പക്ഷങ്ങൾ
ക്കുള്ളിലഭയം തന്നു സാധു എന്നെ കരുതിടും
മനസ്സുരുകി നീറും നേരം തഴുകിടും
മനസ്സലിഞ്ഞു ഏഴയെന്നെ കരുതിടും
കണ്ണുനീരെല്ലാം കർത്തൻ തുടച്ചിടും
എന്റെയുള്ളം കുതൂഹലത്താൽ നിറഞ്ഞു കവിഞ്ഞിടും
മരണനിഴലിൻ വഴികളിൽ തുണ വരും
അരിഗണത്തെ ജയിച്ചിടാൻ കൃപതരും
സർവ്വഭീതിയും അകലെ അകറ്റിടും
എന്നെയെന്നും പരിചരിച്ചു നാഥൻ നടത്തിടും
സുഗന്ധതൈലം എന്റെ തലയിൽ പകർന്നിടും
പുതിയ കൃപകൾ നാൾകൾതോറും തുടർന്നിടും
സ്തോത്രഗീതമെൻ നാവിലുയർന്നിടും
എന്നും നാഥൻ പിരിഞ്ഞിടാതെന്നരികിൽ പാർത്തിടും
പരമസീയോൻ പുരിയിൽ നാഥനൊരുക്കിടും
പുതിയ വീട്ടിൽചെന്നു ഞാനും ചേർന്നിടും
ദുഃഖമില്ലിനി മരണമില്ലിനി നിത്യമോദം
അനുഭവിച്ചു നിത്യം വാഴും ഞാൻ.