വേഗം വരണം പ്രഭോ ഭവാൻ
യോഗമിതിലദ്ധ്യക്ഷനായ്
ഏകാന്തചിന്തയോടെ
ഞങ്ങളേവരും കാത്തിരിക്കുന്നേ
ഊറ്റമായ് കാറ്റിളകി കട-
ലേറ്റവുമിരമ്പിടുമ്പോൾ
മുറ്റും ഭയം തീർക്കുവാൻ മന
മുറ്റരികിലെത്തും വിഭോ
നിന്നെപ്പിരിഞ്ഞിരിപ്പാൻ ഗുരോ
ഞങ്ങളാൽ കഴികയില്ലേ
സൂര്യനെ കൂടാതുണ്ടോപകൽ
ചന്ദ്രനെന്യേ രാത്രി നന്നോ?
ഗന്ധം പിരിഞ്ഞിടുകിൽ
പൂക്കളെന്തിനുപയോഗമാകും?
ചന്തമകന്നിടുമേ ഞങ്ങൾ-
ക്കന്തികേ നീയില്ലയെന്നാൽ
നിൻനാദം കേൾപ്പിക്കണേ നിന്റെ
നൻമൊഴികൾ തൂകേണമേ
വൻമാരിപോലാശിഷമേകി
നന്മ വളർത്തിടേണമേ
ഹാ രമ്യനാരകമേ, മധു
പൂരമാർന്ന നിൻഫലങ്ങൾ
പാരമശിച്ചടിയാർ താപ
ഭാരമകന്നിടേണമേ.